Cinema

ബോളിവുഡിലേക്ക് ചുവടുവയ്ക്കാൻ ബ്ലസിയും; മോഹൻലാൽ ഹിറ്റ് ചിത്രം തന്മാത്രയ്ക്ക് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

സൂപ്പർതാരം മോഹൻലാൽ അനശ്വരമാക്കിയ തന്മാത്ര ബോളിവുഡിലേക്കെത്തുന്നു. ബ്ലസി തന്നെയാണ് ചിത്രം  ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരെക്കുറിച്ചോ താരങ്ങളെക്കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടില്ല. തന്മാത്ര ഹിന്ദി റീമേക്ക് കഴിഞ്ഞതിനു ശേഷമായിരിക്കും ബ്ലസി തന്റെ ഡ്രീം പ്രൊജക്ടായ ആടു ജീവിതത്തിലേക്ക് കടക്കുന്നത്.

ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ വച്ചാണ് ബ്ലസി തന്മാത്രയുടെ ഹിന്ദി റീമെയ്‌ക്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്. സെക്രട്ടറിയേറ്റ് ജീവനക്കാരനായ രമേശൻ അൽഷിമേഴ്സ് ബാധിതനാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.2005ൽ പുറത്തിറങ്ങിയ ചിത്രം വൻ ഹിറ്റായിരുന്നു. ആ വർഷത്തെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും തന്മാത്ര സ്വന്തമാക്കി. മോഹൻലാലിനെ മികച്ച നടനായും ബ്ലസിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും തന്മാത്രയ്ക്ക് ആയിരുന്നു.

കളിമണ്ണിന് ശേഷം പൃഥിരാജ് നായകനാകുന്ന ആട് ജീവിതം എന്ന ചിത്രമാണ് ബ്ലസി ചെയ്യാനിരുന്നത്. ത്രിഡി മികവോടെ ആട് ജീവിതം 2017ൽ തീയറ്ററുകളിൽ എത്തിക്കാനാണ് ബ്ലസിയുടെ ശ്രമം. എന്നാൽ ആട് ജീവിതത്തിന് മുമ്പ് തന്മാത്രയുടെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം

Read more

വാളയാർ പരമശിവത്തിന് നായികയായി കാവ്യ എത്തും; ദിലിപ് കാവ്യ ജോഡികൾ ഒന്നിക്കുന്ന രൺവേയുടെ രണ്ടാം ഭാഗം ഒരുക്കാൻ സിബി കെ തോമസ് ഉദയകൃഷ്ണ ടീം

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് താരജോഡികളായ കാവ്യമാധവനും ദിലീപും വീണ്ടും ഒന്നിക്കുന്നു. റൺവേയുടെ രണ്ടാം ഭാഗമായ വാളയാർ പരമശിവത്തിലാണ് ഇരുവരും വീണ്ടും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിബി കെ തോമസ്- ഉദയകൃഷ്ണ ടീമാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജോഷി തന്നെ രണ്ടാം ഭാഗം സംവിധാനം ചെയ്യും.

അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലൂടെ താരജോഡികൾ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും പുറത്ത് വരുന്നത്. പിന്നെയും ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത മാസം തിരുവനന്തപുരത്ത് വച്ച് ആരംഭിക്കും.

രൺവേയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെ കുറിച്ച് ദിലീപ് തന്നെ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ചിത്രത്തിലും കാവ്യ തന്നെയാണ് ദിലീപിന്റെ നായിക വേഷം അവതരിപ്പിക്കുക. വാളയാർ പരമശിവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ നടന്ന് വരികയാണ്.

ദിലീപിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത വെള്ളിരിപ്രാവിന്റെ ചങ്ങാതിയിലാണ് ദിലീപും കാവ്യമാധവനും അവസാനമായി ഒന്നിച്ചത്.ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിൽ സുന്ദർദാസ് സംവിധാനം ചെയ്യുന്ന വെൽക്കം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കുമാരസംഭവം എന്ന ചിത്രത്തിൽ ദിലീപ് അഭിനിയിക്കും. ഇതിന് ശേഷമാകും ദിലീപ് വാളയാർ പരമശിവത്തിന്റെ ഭാഗമാകുക.

Read more

25 വര്‍ഷത്തിന് ശേഷം ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു; ബെന്‍സ് വാസുവിന്റെ ഷൂട്ടിങ് ഈ വര്‍ഷം

നീണ്ട 25 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാല്‍ ടാക്‌സി ഡ്രൈവറായെത്തുന്നു.സൂപ്പര്‍ഹിറ്റായ ധനത്തിനുശേഷം ബെന്‍സ് വാസു എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ ടാക്‌സി ഡ്രൈവറുടെ വേഷമണിയുന്നത്.

ഒരു കാറും ഡ്രൈവറും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രം പറയുന്നത്. ഗ്രാമത്തിലെ അമ്പാസിഡര്‍ കാര്‍ സ്വന്തമായുള്ള വാസു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കോമഡി നിറഞ്ഞ ഫാമിലി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കുന്നത്.

കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് വാസു കാറിനെ സ്‌നേഹിക്കുന്നത്. ഈ കാറുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഭവങ്ങളാണ് കഥയില്‍ വഴിത്തിരിവാകുന്നതും സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നതും. ഹാസ്യത്തോടൊപ്പം ഒരു കുടുംബ കഥ പറയാനാണ് ചിത്രം ശ്രമിക്കുന്നത്. ഇപ്പോള്‍ മോഹന്‍ലാലിനെ മാത്രമേ ചിത്രത്തിനായി തീരുമാനിച്ചിട്ടുള്ളു. ബാക്കി കാര്യങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ നിശ്ചയിക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കി.

കെ.ആര്‍ സുനില്‍ തിരക്കഥ എഴുതുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് അറിയുന്നു.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം, തെലുങ്കു ചിത്രം ജനതാ ഗാരേജ്, സംവിധായകരായ മേജര്‍ രവി, ജിബു ജേക്കബ് എന്നിവരുടെ ചിത്രങ്ങള്‍ എന്നിവയാണ് ലാലിന്റെ ഈ വര്‍ഷത്തെ മറ്റു ചിത്രങ്ങള്‍. അതേസമയം തന്നെ ഒരു വടക്കന്‍ സെല്‍ഫി എന്ന തന്റെ ചിത്രത്തിന്റെ തമിഴ് റീമേക്ക് ചെയ്യാന്‍ പ്രജിത്തിന് പദ്ധതിയുണ്ട്. ഏതു ചിത്രമാണോ ആദ്യം തീരുമാനമാകുന്നത് അതിന്റെ ജോലികള്‍ ആദ്യം ആരംഭിക്കുമെന്ന് പ്രജിത്ത് വ്യക്തമാക്കി

Read more

ശിവകാര്‍ത്തികേയനൊപ്പം തമിഴിലേക്ക് ചുവടുവയ്ക്കാന്‍ ഫഹദ്; അരങ്ങേറ്റം "തനി ഒരുവന്‍" സംവിധായകന്റെ പുതിയ ചിത്രത്തിലൂടെ

ഫഹദ് ഫാസില്‍ തമിഴിലെ അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോളിവുഡിലെ പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'തനി ഒരുവന്‍' സംവിധാനം ചെയ്ത മോഹന്‍ രാജയുടെ പുതിയ ചിത്രത്തിലാണ് ഫഹദ് അഭിനയിക്കുന്നത്. ഒപ്പം ശിവകാര്‍ത്തികേയനുമുണ്ട്.

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രം നിര്‍മ്മിക്കുന്ന 24 എഎം സ്റ്റുഡിയോസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

ജയം രവിയും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിലെത്തിയ തനി ഒരുവന്‍ കഴിഞ്ഞ വര്‍ഷം തമിഴില്‍ ഏറ്റവും പ്രേക്ഷക പ്രീതിയും ബോക്‌സ് ഓഫീസ് കളക്ഷനും നേടിയ ചിത്രമാണ്.

Read more

മലേഷ്യയിലെ ജോര്‍ജ് ടൗണ്‍ ആസ്പദമാക്കി സിനിമയൊരുക്കാന്‍ അനൂപ് മേനോന്‍

യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അനൂപ് മേനോന്‍., എപ്പോള്‍ സമയം ലഭിക്കുന്നോ അപ്പോഴെല്ലാം ബാഗും പെട്ടിയുമായി യാത്ര തിരിക്കുകയാണ് തന്റെ പതിവെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അത്തരമൊരു യാത്രയില്‍ വീണുകിട്ടിയ കഥ സിനിമയാക്കാനൊരുങ്ങുകയാണ് നടനിപ്പോള്‍.

ഖത്തറില്‍ നിന്നും യു.എ.ഇയിലേക്ക് അവിടെ നിന്നും മലേഷ്യയിലേക്കുമാണ് അനൂപ് മേനോന്‍ അടുത്തിടെ യാത്ര നടത്തിയത്.മലേഷ്യയിലെ ജോര്‍ജ് ടൗണ്‍ ഇതിനൊടൊപ്പം സന്ദര്‍ശിച്ചിരുന്നു. ആ നഗരത്ത ആസ്പദമാക്കി ഒരു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് അനൂപ് പറഞ്ഞു. അതൊരു പ്രണയ ചിത്രമായിരിക്കും. പെനംഗ് സംസ്ഥാനത്ത് കൂടിയുള്ള യാത്രക്കിടയിലാണ് ഇത്തരമൊരു ആശയം മനസിലുണ്ടായത്. ഇവിടെയാണ് ജോര്‍ജ് ടൗണ്‍ സ്ഥിതി ചെയ്യുന്നത്. തമിഴര്‍ കൂടുതല്‍ താമസിക്കുന്ന മലേഷ്യന്‍ സ്ഥലങ്ങളില്‍ ഒന്നാണത് മാത്രമല്ല രാജ്യത്തെ പുരാതനമായ ഹിന്ദു ക്ഷേത്രം സ്ഥിതിചെയ്യുന്നതും അവിടെ തന്നെയാണ്.

തന്റെ പുതിയ പ്രണയ ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ആരംഭിക്കുമെന്ന് അനൂപ് വ്യക്തമാക്കി.മലേഷ്യയിലെ ഒരു നിര്‍മ്മാതാവിനോട് സിനിമയുടെ ചര്‍ച്ച നടത്തി. പുതിയ പ്രോജക്ടില്‍ മലേഷ്യന്‍ ടൂറിസം വകുപ്പും പങ്കു ചേരുന്നുണ്ടെന്നും അനൂപ് പറയുന്നു. അനൂപ് തന്നെയാണ് വി.കെ പ്രകാശിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നതും. ഡോണ്‍ മാക്‌സ് ഫിലിംസിന്റെ പുതിയ ചിത്രത്തിലും അനൂപ് ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. പത്ത് കല്‍പ്പനകള്‍ എന്നാണ് ചിത്രത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. മെയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഇടുക്കിയില്‍ നടക്കുന്ന ഒരു ക്രൈം ഡ്രാമയാണ്.ദീപു കരുണാകരന്റെ കരിംകുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് അനൂപ് ഇപ്പോള്‍. 
 

Read more

വെള്ളിമൂങ്ങായ്ക്ക് ശേഷം ബിജു മേനോന്റെ വെള്ളകടുവയെത്തുന്നു

ബിജു മേനോന്‍ വീണ്ടും ഹാസ്യ വേഷത്തിലെത്തുന്നു. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ മായാമോഹിനി എന്ന ദിലീപ് ചിത്രം സംവിധാനം ചെയ്ത ജോസ് തോമസ് ഒരുക്കുന്ന വെള്ളക്കടുവ എന്ന സിനിമയിലാണ് വീണ്ടും കോമഡിയുമായി ബിജു എത്തുന്നത്. തൃശൂരിലെ പ്രമുഖ ജൂവലറി ബിസിനസുകാരന്റെ ഡ്രൈവറും വിശ്വസ്തനുമായ റിനി ഐപ്പ് മാട്ടുമേല്‍ എന്നയാളുടെ വേഷമാണ് ബിജു മേനോന്.

ഇന്നസെന്റും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വെള്ളക്കടുവ ഒരു മുഴുനീള ഹാസ്യ ചിത്രമായിരിക്കുമെന്ന് തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദന്‍ പറയുന്നു. ജുവലറി മുതലാളിയും സിനിമാ നിര്‍മ്മാതാവുമായ ലോലപ്പനെന്ന ഇന്നസെന്റിന്റെ കഥാപാത്രത്തിന്റെ വിശ്വസ്തനായ ഡ്രവറായാണ് ബിജു എത്തുന്നത്. മുതലാളിയും ഡ്രൈവറും തമ്മിലുള്ള ബന്ധത്തിലെ രസകരമായ സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം

ഭാഗ്യത്തിനെ ജീവിതത്തില്‍ മറ്റെന്തിനേക്കാളും വലുതായി കാണുന്ന ബിജുവിന്റെ കഥാപാത്രം ഇന്നത്തെ യുവത്വത്തിന്റെ പ്രതിനിധിയാണെന്ന് ബാബു ജനാര്‍ദ്ദന്‍ പറയുന്നു. എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന അവസരവാദിയാണ് ഇയാള്‍. മോഷണത്തിലൂടെയോ വന്‍ സ്ത്രീധന തുകയിലൂടെയോ അഞ്ച് വര്‍ഷത്തിനകം നാട്ടിലെ ഏറ്റവും വലിയ പണക്കാരനാകണ മെന്നാണ് ഇയാളുടെ ആഗ്രഹം. ബിജു ജനാര്‍ദ്ദന്റെ വാസ്തവം എന്ന ചിത്രത്തില്‍ പൃഥ്വിരാജ് സമാനമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തൃശൂരാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഏപ്രില്‍ അവസാനത്തോടെ സിനിമ തീയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വി.കെ.പ്രകാശിന്റെ 'മരുഭൂമിയിലെ ആന' രഞ്ജിത്തിന്റെ ലീല എന്നിവയാണ് ബിജു മേനോന്‍ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Read more

ദിലീപ് നിര്‍മ്മിക്കുന്ന നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രം "കട്ടപ്പനയിലെ ഋത്വിക് റോഷന്‍"

അമര്‍ അക്ബര്‍ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാദിര്‍ഷയുടെ അടുത്ത പടമാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. തന്റെ ആദ്യ ചിത്രത്തിലെ തിരക്കഥകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ നായകന്‍. ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ ദിലിപ് ആണ്. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിയില്‍ വിഷ്ണു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു.

കഥയാണ് ചിത്രത്തിലെ താരമെന്ന് നാദിര്‍ഷ പറയുന്നു. അമര്‍ അക്ബര്‍ അന്തോണി ടിം ഒരുക്കുന്ന ഒരു കൊച്ചു തമാശ ചിത്രം എന്നാണ് നാദിര്‍ഷ് ചിത്രത്തെക്കുറിച്ച് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് .കട്ടപ്പനയിലെ ഋത്വിക് റോഷന്റെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കും.

Read more

ജി ആര്‍ ഇന്ദുഗോപന്റെ നോവലൈറ്റ് ബീജബാങ്കിലെ പെണ്‍കുട്ടിക്ക് ചലച്ചിത്രാവിഷ്‌ക്കാരം

കഥാകൃത്തും മാദ്ധ്യമപ്രവര്‍ത്തകനുമായി ജി ആര്‍ ഇന്ദുഗോപന്റെ പ്രശസ്തമായ നോവലൈറ്റ് ബീജബാങ്കിലെ പെണ്‍കുട്ടി ചലച്ചിത്രമാകുന്നു. 2004ല്‍ പ്രസിദ്ധീകരിച്ച നോവല്‍ ചലച്ചിത്രമാക്കുന്നത് കെ ജി ജോര്‍ജ്, ചേരന്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച വി എന്‍. പ്രദീപിന്റെ ആദ്യചലച്ചിത്ര സംരംഭമാണിത്. ലഘുചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനാണ് പ്രദീപ്.

നോവലൈറ്റ്12 വര്‍ഷം മുമ്പ് എഴുതപ്പെട്ടതാണെങ്കിലും ഇതിന്റെ കാലിക പ്രസക്തി മനസിലാക്കിയതോടെയാണ് ബീജബാങ്കിലെ പെണ്‍കുട്ടിക്ക് ചലച്ചിത്ര സാക്ഷാത്ക്കാരം ഒരുക്കാന്‍ തീരുമാനിച്ചതെന്ന് വി എന്‍. പ്രദീപ് വെളിപ്പെടുത്തി. ജീവിതത്തോട് യാതൊരു വിധ ഗൗരവമില്ലാത്ത സമീപനമുള്ളതും യാന്ത്രികമായി ജീവിതപരിസരങ്ങളോട് അഭിരമിക്കുന്നതുമായി പുതുതലമുറയെയാണ് ചിത്രം പശ്ചാത്തലമാക്കുന്നത്. എന്തും സാധ്യമാക്കുന്ന തരത്തില്‍ ശാസ്ത്ര സാങ്കേതികരംഗത്തുണ്ടാകുന്ന പുരോഗതിയും അതിനൊപ്പം വാണിജ്യവത്ക്കരിക്കുന്ന ജീവിതസാഹചര്യങ്ങളിലൂടെ വ്യക്തികളില്‍ ഉളവാകുന്ന കച്ചവട മനോഭാവവും ചിത്രം പ്രമേയമാക്കും.

ആര്‍ട്ട് ആന്‍ഡ് ലോജിക് ഫിലിം കമ്പനിയാണ് ബീജബാങ്കിലെ പെണ്‍കുട്ടി നിര്‍മ്മിക്കുന്നത്. ചിത്ര സന്നിവേശം ഒരുക്കുന്നത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവു കൂടിയായ ബി ലെനിനാണ്. ജ്യോതിഷ് ശങ്കര്‍ (കല), ടി കൃഷ്ണനുണ്ണി (ശബ്ദം), ബി ആര്‍ ബിജുറാം (സംഗീതം), ഇന്ദ്രന്‍സ് ജയന്‍ (വസ്ത്രാലങ്കാരം) തുടങ്ങിയവരാണ് അണിയറയില്‍.

ചിത്രത്തിന്റെ അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പറയുന്നത്. ഒക്‌ടോബറില്‍ ചിത്രം റിലീസ് ചെയ്യാമെന്നുള്ള പ്രതീക്ഷയാണ് അണിയറക്കാര്‍ക്ക്.

Read more

ചാര്‍ലിക്ക് ശേഷം ദുല്‍ഖര്‍, ഉണ്ണി ആര്‍ കൂട്ടുക്കെട്ടില്‍ പുതിയ ചിത്രം, സംവിധാനം ലാല്‍ ജോസ്

ചാര്‍ലിയുടെ വിജയത്തിന് ശേഷം ദുല്‍ഖറും ഉണ്ണി ആറും വീണ്ടും ഒന്നിക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനെ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രത്തിന്റ തിരക്കഥ രചിക്കുന്നത് ഉണ്ണി ആറാണ്.

വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖറും ലാല്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായാണ് വിവരം. ഈ വര്‍ഷം അവസാനത്തോടു കൂടി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കമെന്നും പറയുന്നു.

ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഉടന്‍ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ലാല്‍ ജോസ് രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ്. മോഹന്‍ലാല്‍ ചിത്രവും വിനീത് ശ്രീനിവാസന്‍ ചിത്രവും.

നേരത്തെ നിവിന്‍ പോളിയെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പല കാരണങ്ങളാലും ചിത്രം നീണ്ടു പോയി. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പുതിയ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

ഉണ്ണി ആറിന്റെ കഥയിലെ ചാര്‍ലിയും ലാല്‍ ജോസിന്റെ വിക്രമാദിത്യന്റെ വിജയവും പ്രേക്ഷകരില്‍ പ്രതീക്ഷ കൂട്ടുമെന്ന് തീര്‍ച്ച. എന്തായാലും ചിത്രത്തിന്റെ പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കാം.

Read more